മോണ്ടെവിദിയോ : ലാറ്റിനമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ഉറുഗ്വേ തലസ്ഥാനമായ മോണ്ടെവിദിയോയിലെത്തിയ മാര്‍പാപ്പ, പ്ളാസാ ഇന്ദേപെന്ദേന്സിയയിലെ സ്വീകരണച്ചടങ്ങില്‍ പ്രസംഗിക്കവേ ജനാധിപത്യമൂല്യങ്ങള്‍, പൊതുനന്മ, പൗരസ്വാതന്ത്ര്യം, സാമൂഹിക ക്ഷേമം എന്നിവയുടെ പ്രാധാന്യം ഓര്‍മിപ്പിച്ചു. സാമ്പത്തികശേഷി പരിഗണിക്കാതെ എല്ലാവര്ക്കും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും ഏകാന്തതയും നിരാശയും അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭാവിതലമുറയ്ക്കായി പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പുനരുപയോഗ ഊര്‍ജമേഖലയില്‍ ഉറുഗ്വെ കൈവരിച്ച നേട്ടങ്ങളും മാര്‍പാപ്പ എടുത്തുപറഞ്ഞു.
മതേതര രാജ്യങ്ങളില്‍ വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും പരസ്പര ബഹുമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് വ്യക്തമാക്കിയ അദ്ദേഹം, മതസമൂഹങ്ങള്‍ക്ക് പൊതുനന്മയ്ക്കായി സംഭാവന നല്കാന് അവകാശമുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. മാര്‍പാപ്പയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തെരുവുകളില്‍ തടിച്ചുകൂടിയത്. ഉറുഗ്വെയുടെയും വത്തിക്കാന്റെയും പതാകകള്‍ ഏന്തിയ കുട്ടികള്‍ അടക്കമുള്ള കുടുംബങ്ങള്‍ വഴികളില്‍ നിറഞ്ഞുനിന്നു. മദര്‍ തെരേസയുടെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും വേഷമണിഞ്ഞ കൊച്ചുകുട്ടികള്‍ മാര്‍പാപ്പ കടന്നുവരുന്ന വഴിയില്‍ കാത്തുനിന്നിരുന്നു. കരാസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മാര്‍പാപ്പയ്ക്കു പ്രൗഢഗംഭീരമായ വരവേല്പാണു ലഭിച്ചത്.
മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ ബിഷപ്പുമാര്‍, വൈദികര്‍, സന്യസ്തര്‍, സെമിനാരി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച സന്ധ്യാപ്രാര്‍ഥനയ്ക്കിടെ സംസാരിച്ച മാര്‍പാപ്പ, പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികള്‍ വര്‍ധിക്കാന്‍ ലോകമെമ്പാടും പ്രാര്‍ഥിക്കാനും ഉപവാസം ആചരിക്കാനും ആഹ്വാനം ചെയ്തു. 2024ല്‍ ഉറുഗ്വേയിലെ സെമിനാരിയില്‍ പുതിയ വിദ്യാര്‍ഥികളാരും പ്രവേശിക്കാതിരുന്ന സാഹചര്യത്തില്‍ ആരംഭിച്ച പ്രാര്‍ഥനയുടെ ഫലമായി ഇപ്പോള്‍ നിരവധി യുവാക്കള്‍ വൈദികപരിശീലനം ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപേക്ഷിക്കുന്നതും ഉപവാസത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ ബാല്‍ക്കണിയില്‍ നിന്ന് യുവാക്കളെ അഭിസംബോധന ചെയ്ത മാര്‍പാപ്പ, ഉറുഗ്വെ ആഴമായ വിശ്വാസമുള്ള യുവാക്കളുടെ രാജ്യമാണെന്ന് വിശേഷിപ്പിച്ചു. യുവാക്കളുടെ ആവേശകരമായ സ്വീകരണത്തിന് നന്ദി അറിയിക്കുകയും എല്ലാവരെയും ആശീര്‍വദിക്കുകയും ചെയ്തു.
12 ദിവസം നീളുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി ഉറുഗ്വേയിലെ നാലാമത്തെ വലിയ നഗരമായ പൈസാന്ദുവിലെ 'മുനിസിപ്പല്‍ പാര്‍ക്ക് പാരീസ്~ ലണ്ടനില്‍' മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് മോണ്ടെവിദിയോയിലെ ഉറുഗ്വെ കത്തോലിക്ക സര്‍വകലാശാലയില്‍ അധ്യാപകരെയും വിദ്യാഭ്യാസ വിദഗ്ധരെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഉറുഗ്വെയ്ക്കും അര്‍ജന്റീനയ്ക്കും ശേഷം പെറുവിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തും. റോബര്‍ട്ട് പ്രെവോസ്ററ് എന്നപേരില്‍ 20 വര്‍ഷത്തോളം മിഷണറിയായും ബിഷപ്പായും മാര്‍പാപ്പ സേവനമനുഷ്ഠിച്ച രാജ്യമാണു പെറു.

Comments: